ന്യൂഡല്‍ഹി: സൂറത്ത് ലോക്സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പോളിംഗ് ഓഫീസര്‍ അയോഗ്യനാക്കുകയും മറ്റ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ബിജെപിയുടെ മുകേഷ് ദലാല്‍ ആണ് വോട്ടെടുപ്പിന് മുമ്പേ തന്നെ വിജയിച്ചത്. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മത്സരരംഗത്ത് ഉണ്ടായിരുന്ന മറ്റു എട്ടു സ്ഥാനാര്‍ഥികളാണ് ഇന്ന് പത്രിക പിന്‍വലിച്ചത്. ഇതില്‍ ഏഴുപേര്‍ സ്വതന്ത്രരായിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥി പ്യാരിലാല്‍ ഭാരതിയാണ് പത്രിക പിന്‍വലിച്ച എട്ടാമത്തെ സ്ഥാനാര്‍ഥി.
ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെ പത്രിക തള്ളിയത്. പത്രികയില്‍ പേര് നിര്‍ദേശിച്ചവരുടെ ഒപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ ആണ് നീലേഷിന്റെ പത്രിക തള്ളിയത്. കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും അപൂര്‍ണമായിരുന്നു.