Newsperseconds.com

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

Capture

കൊവിഷീല്‍ഡ് വാക്‌സീന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ചിത്രം മാറ്റിയത്. മുമ്പ്, ഈ സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ചിത്രവും കൊറോണ വൈറസിനെ കീഴടക്കാനുള്ള ഇന്ത്യയുടെ കൂട്ടായ ദൃഢനിശ്ചയം സ്ഥിരീകരിക്കുന്ന ഉദ്ധരണിയും ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍ തുറന്ന് സമ്മതിച്ചിരുന്നു. രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിന്‍ കാരണമായേക്കാമെന്നാണ് നിര്‍മ്മാതാക്കളായ ആസ്ട്ര സെനേക വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആസ്ട്രാസെനേക യു.കെ കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

വാക്സിന്‍ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട നിരവധി പേര്‍ യുകെയില്‍ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും വാക്സിന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈക്കോടതിയില്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടുള്ളത് 51 കേസുകളാണ്. 2021 ഏപ്രിലില്‍ വാക്‌സിന്‍ എടുത്തതിന് പിന്നാലെ ജെയ്മി സ്‌കോട്ടിന്‍ എന്ന വ്യക്തിയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹമാണ് ആദ്യം വാക്‌സിനെതിരെ കോടതിയെ സമീപിച്ചത്. വാക്‌സിന്‍ എടുത്തതിന് പിന്നാലെ ശരീരത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളും അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ പേര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Share this Article

Leave a Comment