Newsperseconds.com

മൂന്നാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; മോദി ഇന്ന് അയോധ്യയില്‍

Capture

ഡല്‍ഹി: ചൊവ്വാഴ്ച്ച നടക്കാനിരിക്കുന്ന മൂന്നാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വിധി എഴുതാന്‍ പോകുന്നത്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തും. അയോധ്യയില്‍ റോഡ് ഷോ അടക്കമുള്ള പരിപാടികളില്‍ മോദി പങ്കെടുക്കും.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 94 മണ്ഡലങ്ങളിലും വാശിയേറിയ പ്രചരണമാണ്. വാക് പോരുകളും റോഡ്‌ഷോയും തുടങ്ങി പല വിധത്തില്‍ പ്രചരണം നീണ്ടു. കോണ്‍ഗ്രസിന് എതിരെ മുസ്ലിം പ്രീണനവും പാകിസ്ഥാന്‍ ബന്ധവും എല്ലാം പ്രധാനമന്ത്രിയും ബിജെപിയും പ്രചരണ തന്ത്രമാക്കി. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക അതിക്രമവും തട്ടികൊണ്ടു പോകല്‍ കേസും കുത്തിപൊക്കി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അമ്മാനമാടി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിള്‍ യാദവ്, ശിവരാജ് സിംഗ് ചൗഹാന്‍, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖര്‍ മൂന്നാം ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്. ഗുജറാത്തിലെ മുഴുവന്‍ മണ്ഡലങ്ങളും കര്‍ണാടകയിലെ അവശേഷിക്കുന്ന 14 മണ്ഡലങ്ങളും ഗോവയിലെ രണ്ട് മണ്ഡലങ്ങളും മൂന്നാം ഘട്ടത്തില്‍ വിധിയെഴുതും. മഹാരാഷ്ട്രയില്‍ 11, ഉത്തര്‍പ്രദേശില്‍ 10 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.

Share this Article

Leave a Comment