ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുമുള്ള വ്യാജ ഉള്ളടക്കം ശ്രദ്ധയില്‍ പെട്ടാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്തവും ധാര്‍മ്മികവുമായ ഉപയോഗത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് പാനല്‍ നല്കിയ നിര്‍ദ്ദേശങ്ങളുടെ ഭാഗമാണിത്.
അടുത്തിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, നടന്മാരായ ആമിര്‍ ഖാന്, രണ്‍വീര്‍ സിങ് എന്നിവരെ കാണിക്കുന്ന വ്യാജ വീഡിയോകള്‍ നിര്‍ദ്ദിഷ്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യുകയും നിയമപരമായ പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഡീപ്ഫേക്കുകള്‍ എന്നിവയ്ക്കെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
പ്രചാരണങ്ങളില്‍ കുട്ടികളെ ഉപയോഗിക്കാതിരിക്കുക, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം, അക്രമമോ, മൃഗങ്ങളെ ഉപദ്രവിക്കുന്നതോ ചിത്രീകരിക്കുന്നത് ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളുമുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കും ഒബിസികള്‍ക്കുമുള്ള ക്വാട്ട ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുവെന്ന തരത്തിലുളള വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ നിര്‍ദ്ദേശം പുറത്തു വന്നിരിക്കുന്നത്.