ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. മറ്റ് 12 പേര്‍ക്ക് പൊള്ളലേറ്റു. വിരുദുനഗര്‍ ജില്ലയിലെ ശ്രീ സുദര്‍ശന്‍ പടക്കശാലയില്‍ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ഇതൊരു ലൈസന്‍സുള്ള യൂണിറ്റാണ്. ഇവിടെ ഫാന്‍സി പടക്കങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. രാസവസ്തുക്കള്‍ കലര്‍ത്തുമ്പോഴുള്ള ഘര്‍ഷണമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് സംശയമെന്ന് ജില്ലാ എസ്പി കെ ഫിറോസ് ഖാന്‍ പറഞ്ഞു.
രാസവസ്തുക്കളെക്കുറിച്ചും അവ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ മാര്‍ഗത്തെക്കുറിച്ചും യാതൊരു പരിശീലനവും അറിവും ഇല്ലാത്ത നിരവധി തൊഴിലാളികളെയാണ് പണിക്ക് നിര്‍ത്തുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി അപകടങ്ങളാണ് സംഭവിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.