ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ 9 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 52.6% പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമ ബംഗാളിലാണ്. 66.05 ശതമാനം. ഏറ്റവും കറവ് പോളിങ് രേഖപ്പെടുത്തിയത് ജമ്മു കാശ്മീരിലാണ്. 29.93 ശതമാനം. പശ്ചിമ ബംഗാളില്‍ മാത്രമാണ് ഉച്ചയോടെ പോളിങ് 50 ശതമാനം പിന്നിട്ടത്. ആദ്യത്തെ മൂന്ന് ഘട്ടങ്ങളേക്കാളും പോളിങ് കുറവാണ് നാലാം ഘട്ടത്തില്‍.ആന്ധ്രാ പ്രദേശ്- 40.26%, ബിഹാര്‍- 34.44%, ജമ്മു കാശ്മീര്‍- 29.93%, ജാര്‍ഖണ്ഡ്- 43.80%, മധ്യപ്രദേശ്- 48.52%, മഹാരാഷ്ട്ര- 30.85%, ഒഡിഷ- 39.30%, തെലങ്കാന- 40.38%, ഉത്തര്‍ പ്രദേശ്- 39.68%, പശ്ചിമ ബംഗാള്‍- 66.05% എന്നിങ്ങനെയാണ് ഇതുവരെയുള്ള പോളിങുകള്‍.
അതേ സമയം, വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. കേതുഗ്രാമില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎം ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ 11 മണിവരെ 1088 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ടിഎംസിയുടെ തീപ്പൊരി നേതാവ് മോഹുവ മൊയ്ത്ര, എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ക്രിക്കറ്റ് താരം ടിഎംസിയുടെ യൂസഫ് പത്താന്‍, ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.