കോണ്‍ഗ്രസിന്റെ കോട്ടയായ റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗ് ബിജെപി ക്യാമ്പിനുള്ളില്‍ അതൃപ്തി നേരിടുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിക്കെതിരെയാണ് സിംഗ് മത്സരിക്കുന്നത്. ബിജെപി എംഎല്‍എ അദിതി സിങ്ങിന്റെയും എസ്പി വിമത എംഎല്‍എ മനോജ് കുമാര്‍ പാണ്ഡെയുടെയും അപ്രതീക്ഷിത നിശബ്ദതയില്‍ നിന്നാണ് അതൃപ്തി പ്രധാനമായും ഉയരുന്നത്. ഇരുവരും
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്നാണ് ദിനേഷ് പ്രതാപിന്റെ പരാതി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ ഇരുവരെയും കണ്ട് അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ദിനേശ് സിങ്ങിന്റെ പ്രചാരണത്തില്‍ റായ്ബറേലി സദര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ അദിതി സിംഗ് ഇല്ലാത്തതിനാല്‍ റായ്ബറേലിയിലും പരിസരങ്ങളിലും രാഷ്ട്രീയ വൃത്തങ്ങള്‍ അമ്പരന്നിരിക്കുകയാണ്. 2022ല്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ അദിതി സിംഗാണ് ഇവിടെ മത്സരിച്ചിരുന്നത്. മണ്ഡലത്തിലടക്കം റായ്ബറേലിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവാണ് അദിതി. റായ്ബറേലിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മറ്റൊരു നേതാവാണ് എസ്പി വിമതനായി നിയമസഭയില്‍ വിജയിച്ചു കയറിയ മനോജ് കുമാര്‍ പാണ്ഡെ. മൂന്ന് തവണ എംഎല്‍എയായ പാണ്ഡെ മുന്‍ എസ്പി സര്‍ക്കാരിലെ പ്രധാന ബ്രാഹ്മണ മുഖമാണ്. പാണ്ഡെയെ മുന്‍ നിര്‍ത്തി മണ്ഡലത്തിലെ ബ്രാഹ്മണ വോട്ടുകള്‍ സമാഹരിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാല്‍ കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച പാണ്ഡെ ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.