പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ ധ്യാനത്തിനായി ഇന്ന് കന്യാകുമാരിയെത്തും. വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കുന്നതിനെ വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. എന്നാല്‍ ധ്യാനം പ്രചരണമായി കണക്കാക്കാന്‍ ആകില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി , നാലരയോടെ ഹെലികോപ്റ്ററിലാകും കന്യാകുമാരിയിലേക്ക് തിരിക്കുക. അവിടെ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം, കന്യാകുമാരി ക്ഷേത്ര ദര്‍ശനം. തുടര്‍ന്ന് ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകുക. 2019 ലും സമാനമായ രീതിയില്‍ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ഭാഗമായ സമുദ്രനിരപ്പില്‍നിന്ന് 11,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രുദ്രദാന ഗുഹയില്‍ മോദി 17 മണിക്കൂര്‍ ധ്യാനമിരുന്നിരുന്നു.