ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ . ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. ഇന്നലെ രാത്രി നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 400 അധികം പേർക്ക് പരിക്കേൽക്കുകയും 125 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തുയ മരണ സംഖ്യം ഇനിയും ഉയരാനാണ് സാധ്യത. അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചതായി സ്ഥിരീകരിച്ചു.
ഇന്നലെ രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിൽ ഉണ്ടായത്. ഒട്ടേറെ പേർ മരിച്ചുവെന്നും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സംശയം. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും തടസപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിൽ യുപി, ദില്ലി, ബീഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. നേപ്പാളിലെ ജാജർ കൊട്ടിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിൽ, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.