Newsperseconds.com

‘എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ല’; വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ബൂത്തില്‍ തുടരണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം; പ്രതീക്ഷകളോടെ തിഹാര്‍ ജയിലിലേക്ക് മടങ്ങി അരവിന്ദ് കെജ്രിവാള്‍

Capture

ന്യൂഡല്‍ഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലില്‍ കീഴടങ്ങി. കെജ്രിവാള്‍ രാജ് ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും പാര്‍ട്ടി ഓഫീസില്‍ എഎപി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യുകയും ചെയ്തു.

എക്‌സിറ്റ് പോള്‍ സമ്പൂര്‍ണ്ണ വ്യാജമാണെന്നും ജൂണ്‍ നാലിന് ഹനുമാന്‍ സ്വാമി അവതരിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ‘ജാമ്യം ലഭിച്ച 21 ദിവസം അവിസ്മരണീയമായിരുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദി.’ കെജ്രിവാള്‍ പറഞ്ഞു. ഒരു നിമിഷം പോലും വെറുതെ ഇരുന്നില്ലെന്നും രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തിയെന്നും കെജ്രിവാള്‍ പ്രതികരിച്ചു. അഴിമതിയില്‍ ഉള്‍പ്പെട്ടതുകൊണ്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതതെന്നും കെജ്രിവാള്‍ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

അതേ സമയം, വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ബൂത്തില്‍ തുടരണമെന്നും രണ്ട്, മൂന്ന് റൗണ്ടില്‍ പിറകിലായാല്‍ പ്രവര്‍ത്തകര്‍ ഇറങ്ങി പോവരുതെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വിവി പാറ്റും ഇവിഎമ്മും ഒത്ത് നോക്കിയ ശേഷം മാത്രമേ മടങ്ങാവൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ എത്തുന്നതിന് മുമ്പ് ജയിലിന് ചുറ്റുമുള്ള ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും, അതിഷി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പതക് എന്നിവരുള്‍പ്പെടെ എഎപി നേതാക്കളും പാര്‍ട്ടി നേതാക്കളായ ദുര്‍ഗേഷ് പതക്, രാഖി ബിര്‍ള, റീന ഗുപ്ത എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share this Article

Leave a Comment