ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച്ചയിലേക്ക് മാറ്റിയതായി സൂചന. ചടങ്ങ് ഈ മാസം ഒമ്പതിന് നടക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇതിനുമുന്നോടിയായി മോദി ബുധനാഴ്ച രാജിവെച്ച് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ മോദിയോട് മുര്‍മു അഭ്യര്‍ത്ഥിച്ചു. കൂടാതെ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യാനിരുന്നു ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തീയതിയും മാറ്റി. ജൂണ്‍ 12നാണ് നായിഡുവിന്റെ ചടങ്ങ് നടക്കുക.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനുള്ള പല ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ തന്നെയെന്നാണ് സംശയം. ഇതിനായി രാഷ്ട്രപതി ഭവന് അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചിരുന്നു. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്ത് നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഡല്‍ഹിയിലെ ചൂട് കണക്കിലെടുത്ത് രാഷ്ട്രപതി ഭവനില്‍ വെച്ച് തന്നെ ചടങ്ങ് നടത്തും. വിപുലമായ ആഘോഷപരിപാടികള്‍ക്കാണ് എന്‍ഡിഎ പദ്ധതിയിടുന്നത്. ഇന്ത്യയുടെ സംസ്കാരവുമായി ചേര്‍ന്ന് നില്ക്കുന്ന ചടങ്ങാണ് ബിജെപി ആലോചിക്കുന്നത്.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളും ഘടകക്ഷികളുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകളും ഇപ്പോഴും പുരോഗമിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാര്ക്കും ക്ഷണം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ക്ഷണം ലഭിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ച ക്ഷണം ആയതിനാല്‍ പങ്കെടുക്കുന്നതില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ അന്തിമ തീരുമാനമെടുത്തിട്ടില്ല.