ന്യൂഡല്‍ഹി: തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമൊടുവില്‍ രാഹുല്‍ഗാന്ധി ലോക്‌സഭ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഐകകണ്‌ഠ്യേന രാഹുല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതിനും ആവശ്യം അറിയിച്ചതിനും പിന്നാലെ രാഹുലില്‍ നിന്നും അനുകൂല പ്രതികരണമുണ്ടായതായി കെസി വേണുഗോപാല്‍ അറിയിച്ചു. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് പിന്നാലെ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
അതേ സമയം, 101 എംപിമാരാണ് ഇത്തവണ കോണ്‍ഗ്രസിനുള്ളത്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുക. പാര്‍ട്ടിയെ വലിയ ഒരു തിരിച്ചുവരവിലേക്ക് നയിച്ചതില്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും രാഹുല്‍ തന്നെ മോദിക്കെതിരെയുള്ള തുടര്‍ന്നുള്ള പോരാട്ടം നയിക്കണമെന്നുള്ള വിലയിരുത്തലിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം എത്തിയത്.