ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. പ്രധാനമന്ത്രിയുടെ പ്രഭാവത്തെയും മറ്റുചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതിയതില്‍ വലിയ വീഴ്ച്ച സംഭവിച്ചെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നേതാക്കള്‍ക്ക് സാധിച്ചില്ലെന്നും ഓര്‍ഗൈനസര്‍ മുഖപത്രം കുറ്റപ്പെടുത്തി.
മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രത്തന്‍ ശാരദ എഴുതിയ ലേഖനവും ഹേമാംഗി സിന്‍ഹ, സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനവുമാണ് ബിജെപി യുടെ വീഴ്ചകള്‍ തുറന്നുകാട്ടുന്നത്. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കുന്നില്ല. നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന് സ്വന്തം ലോകത്തേക്ക് ഒതുങ്ങി. പാര്‍ട്ടിക്കായി സ്വയം സമര്‍പ്പിച്ച മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെല്‍ഫി കേന്ദ്രീകൃത ആക്ടിവിസ്റ്റുകളെ ഉയര്‍ത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളില്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ ധാര്‍ഷ്ട്യം കാട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത കാട്ടിയില്ലെന്നും കഴിഞ്ഞദിവസം ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് നാഗ്പുരില്‍ പറഞ്ഞിരുന്നു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്‍എസ്എസ് നേതാവ് രാംമാധവ് തുടങ്ങിയവര്‍ നേരത്തേ തിരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തി പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നു.
താഴെത്തട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് അല്ലെങ്കില്‍ കഠിനാധ്വാനമാണ് എപ്പോഴും ലക്ഷ്യങ്ങള്‍ നേടുന്നത്, നേതാക്കളും പ്രവര്‍ത്തകരും അവരുടെ ചെറുലോകത്ത് അടച്ചിരുന്ന് പ്രധാനമന്ത്രിയുടെ പ്രഭാവം സൃഷ്ടിച്ച അലയൊലികള്‍ ആസ്വദിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു. സാധാരണക്കാരിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചില്ല. അതിനായി സമയവും കണ്ടെത്തിയില്ല. പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് വന്‍തോതില്‍ നേതാക്കളെ അടര്‍ത്തിയെടുത്തത് തെറ്റായിപ്പോയെന്നും പാര്‍ട്ടിക്കൊപ്പം കാലങ്ങളായി നില്‍ക്കുന്നവരെ പരിഗണിക്കാതെ പാര്‍ട്ടി മാറി വന്നവരെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ജനം അവരെ തിരസ്‌കരിച്ചുവെന്നും ലേഖനം ചൂണ്ടികാട്ടുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തിലുണ്ടായ പരാജയവും ലേഖനത്തിലൂടെ എടുത്ത് പറയുന്നുണ്ട്. രാമക്ഷേത്രത്തിന്റെ വരവോടെയും ഉദ്ഘാടനത്തിലൂടെയും വലിയ തരംഗം സൃഷ്ടിക്കുമെന്ന് കരുതിയ മണ്ഡലമാണിത്. എന്നാല്‍ അവിടെയും തെറ്റുപറ്റി. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജീവിതം സമര്‍പ്പിച്ച കടുത്ത ത്യാഗം സഹിച്ച സാധരണക്കാരെ ചടങ്ങിന് വിളിക്കാതെ സെലിബ്രിറ്റികളെ മാത്രമാണ് വിളിച്ചത്. ഇതും അയോധ്യയില്‍ വന്‍തിരിച്ചടിയായെന്ന് മുഖപത്രം ചൂണ്ടിക്കാട്ടി.