അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ മുഖ്യപുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു. 86 വയസ്സായിരുന്നു. ദീക്ഷിതിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മണികര്‍ണിക ഘട്ടിലാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുക. ദീക്ഷിതിന്റെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ വേര്‍പാട് ആത്മീയ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് എക്സ് പോസ്റ്റില്‍ ആദിത്യനാഥ് കുറിച്ചു.
ജനുവരി 22 നാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ അയോധ്യ ക്ഷേത്രത്തില്‍ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു. വാരാണസിയിലെ മുതിര്‍ന്ന പണ്ഡിതന്മാരില് ഒരാളായി കണക്കാക്കപ്പെടുന്നു. ദീക്ഷിത് മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലക്കാരനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം വാരണാസിയില്‍ താമസിക്കുന്നു.