അരുണാചല്‍ പ്രദേശ്: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പുറത്താക്കിയതിന് പിന്നാലെ 15 വയസുകാരന്‍ ആത്മഹത്യ ചെയ്തു. സ്‌കൂളിന് സമീപമുള്ള ലോഹിത് നദിയുടെ തീരത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ചിരാംഗ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. അതേ സമയം, മൊബൈല്‍ കൊണ്ടുവന്നതില്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കിയിട്ടില്ലെന്നും എന്നാല്‍ എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ഒരുങ്ങിയതെന്ന് അറിയില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പറഞ്ഞു.
കുട്ടിയുടെ കുടുംബം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കുകയും ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ചിരംഗിനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പിടികൂടിയത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയോട് പിതാവിനേയും കൂട്ടി വരാന്‍ പറഞ്ഞു. പിതാവ് ഹാജരായി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ചിരംഗ് സ്‌കൂളില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം സ്‌കൂളില്‍ പഠിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി.