സിക്കിമില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഐക്കണ്‍ ബൈച്ചുങ് ബൂട്ടിയ ചൊവ്വാഴ്ച രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നേതാവാണ് ബൂട്ടിയ. തെരഞ്ഞെടുപ്പില്‍ വിജയിച്ച സിക്കിം ക്രാന്തികാരി മോര്‍ച്ചക്കും പി.എസ് തമാങ്ങിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും സംസ്ഥാനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
2024 തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം എനിക്ക് യോജിക്കുന്നതല്ല എന്ന് മനസിലായി. അതിനാല്‍ എല്ലാ തരത്തിലുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും രാജിവെക്കുന്നുവെന്ന് ബൈചൂങ് ബൂട്ടിയ പറഞ്ഞു.
2014ല്‍ പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ ടിഎംസി അദ്ദേഹത്തെ ഡാര്‍ജിലിംഗ് ലോക്സഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ ചേര്‍ന്നു. 2018-ല്‍ ഹംറോ സിക്കിം പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ചു. കഴിഞ്ഞ വര്‍ഷം അദ്ദേഹം തന്റെ പാര്‍ട്ടിയെ പവന്‍ ചാംലിംഗിന്റെ നേതൃത്വത്തിലുള്ള എസ്ഡിഎഫില്‍ ലയിപ്പിച്ചു.