ന്യൂഡല്‍ഹി: മഴക്കെടുതിയില്‍ ഡല്‍ഹിയില്‍ ആറ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടാതെ, അണ്ടര്‍പാസുകളില്‍ മുങ്ങിമരിച്ച മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ തലസ്ഥാന നഗരിയിലെ ദുരിതപെയ്ത്തില്‍ മരണസംഖ്യ 11 ആയി.
വെള്ളിയാഴ്ച 228.1 മില്ലിമീറ്റര്‍ റേക്കോര്‍ഡ് രേഖപ്പെടുത്തിയ മഴയ്ക്ക് ശേഷം കനത്ത മഴയാണ് ശനിയാഴ്ചയും പെയ്തത്. അതിശക്തമായ മഴ മൂലം നഗരത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. അടിസ്ഥാന സൗകര്യങ്ങള്‍ പാടെ തകരാറിലായ സാഹചര്യമാണ് രാജ്യതലസ്ഥാനത്ത്. നഗരത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി.
ശനിയാഴ്ച രാവിലെ പെയ്ത മഴയിലാണ് വസന്ത് വിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ് തകര്‍ന്നത്. മണ്ണിലും വെള്ളത്തിലും കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. ഡല്‍ഹി പൊലീസ്, അഗ്‌നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ 10 ഉം 12 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.