ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തില്‍നിന്നുമുള്ള ‘ഹിന്ദു’, ‘അഗ്‌നിവീര്‍’ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി. ബിജെപിക്കെതിരായും, ആര്‍എസ്എസിനെതിരായുമുള്ള പരാമര്‍ശങ്ങളും നീക്കി. അതേ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ലോക്സഭയില്‍ താന്‍ പറഞ്ഞത് സത്യമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍, നീറ്റ് തര്‍ക്കം, അഗ്‌നിപഥ് പദ്ധതി എന്നിവയെക്കുറിച്ചുള്ള തന്റെ പ്രസംഗത്തിന്റെ പല ഭാഗങ്ങളും സ്പീക്കറുടെ ഉത്തരവനുസരിച്ച് പാര്‍ലമെന്റിന്റെ രേഖകളില്‍ നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഹിന്ദുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടര്‍ച്ചയായി കള്ളങ്ങള്‍ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നല്‍കിയിരുന്നു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളില്‍നിന്ന് പരാമര്‍ശം നീക്കിയത്.
ഹിന്ദുക്കളെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ട്രഷറി ബെഞ്ചുകളില്‍ നിന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കി. മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമാസക്തമെന്ന് വിളിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാവിനെ ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങളില്‍ ഹിന്ദുക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി-ബിജെപി-ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഉള്‍പ്പെടുന്നു.