ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ സമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 121 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രികളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാന്‍ കാരണമായതായി മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കുമുണ്ട്.
മൊത്തം മരണങ്ങളില്‍ 19 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഉത്തര്‍പ്രദേശ് പോലീസ് ബുധനാഴ്ച മതസഭയുടെ സംഘാടകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഏഴ് കുട്ടികളും ഒരു പുരുഷനും ഒഴികെ മരിച്ചവരെല്ലാം സ്ത്രീകളാണ്.
അതേ സമയം, ദുരന്തത്തിന് കാരണമായ ‘സത്സംഗ്’ സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം ‘ഭോലെ ബാബ’ അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിന്‍പുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.