Newsperseconds.com

മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് മറികടന്ന് നിര്‍മ്മല സീതാരാമന്‍; കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും; മുദ്രാ ലോണുകളുടെ പരിധി 20 ലക്ഷമായി വര്‍ദ്ധിപ്പിക്കും; സ്വര്‍ണ്ണത്തിനും വെള്ളിക്കും വില കുറയും

Modii

മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് മറികടന്ന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. ജൂണില്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം മൂലധനചെലവിനായി 11.11 ലക്ഷം കോടി രൂപ നീക്കിവെയ്ക്കും. അടിസ്ഥാന സൗകര്യവികസനത്തിനായി അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

ജോലി ചെയ്യുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. തൊഴില്‍ശേഷിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. ബീഹാറിലെ നളന്ദയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും. മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദേശം. എക്സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. മുദ്രാ ലോണുകളുടെ പരിധി 20 ലക്ഷമായി വര്‍ദ്ധിപ്പിക്കും. എംഎസ്എംഇകളുടെ വായ്പാ സഹായത്തിനായി മുദ്രാ ലോണുകളുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ദ്ധിപ്പിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. തരുണ്‍ വിഭാഗത്തിന് കീഴില്‍ മുമ്പ് എടുത്ത വായ്പകള്‍ വിജയകരമായി തിരിച്ചടച്ചവര്‍ക്ക് എംഎസ്എംഇകള്‍ക്കുള്ള വായ്പാ പിന്തുണ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതിക്ക് കീഴില്‍ 10 ലക്ഷം കോടി രൂപ മുതല്‍മുടക്കുമെന്ന് ധനകാര്യ മന്ത്രി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതില്‍ ഉള്‍പ്പെടുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്ക് 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി. ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കാമെന്ന സൂചനയുമായി നിര്‍മ്മല സീതാരാമന്‍. ‘ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കാം, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. നഗരവികസന പദ്ധതികള്‍ക്ക് ഈ പരിഷ്‌കാരം അനിവാര്യമാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം.

Share this Article

Leave a Comment