തിരുവനന്തപുരം: വികസിത ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തിന് സമര്‍പ്പിച്ചതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന വളര്‍ച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യം കുറയ്ക്കല്‍, നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഈ ബജറ്റില്‍ തുടര്‍ച്ചയുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ അത്തരം മികച്ച പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയെന്ന നിലക്ക് ശ്രദ്ധേയമായ ബജറ്റ് ആണിത്. കസ്റ്റംസ് ഡ്യൂട്ടി ഇളവുകള്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ വ്യവസായ മേഖലക്ക് ഉണര്‍വ്വ് പകരുകയും കയറ്റുമതി പുഷ്ടിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റിനെതിരെ പ്രതിപക്ഷം നടത്തുന്ന വിമര്‍ശനങ്ങള്‍ അര്‍ത്ഥമില്ലാത്തവയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഏതെങ്കിലും മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനല്ല, മറിച്ച് രാജ്യത്തെ എല്ലാ ജനങ്ങളുടേയും ക്ഷേമവും സമഗ്ര വികസനവുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസനം സംബന്ധിച്ച ബിജെപി സര്‍ക്കാരിന്റെ സമീപനത്തിലെ യാഥാര്‍ത്ഥ്യബോധവും വ്യത്യസ്തതയും ജനങ്ങള്‍ അംഗീകരിച്ചതിന്റെ ഫലം കൂടിയാണ് ഈ ബജറ്റ്. ശരിയായ സാമ്പത്തിക മാനേജ്‌മെന്റും കൃത്യമായ വികസന കാഴ്ച്ചപ്പാടുമുള്ള ഏതൊരു സംസ്ഥാനത്തും വ്യവസായവും തൊഴിലവസരങ്ങളും വളര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതില്ലാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.