ന്യൂഡല്‍ഹി: ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെയും പുതുച്ചേരിയില്‍ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറെയും നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മുന്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഹരിഭാവു കിസന്റാവു ബാഗ്ഡെയെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ചു, ത്രിപുര മുന്‍ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മയെ തെലങ്കാന ഗവര്‍ണറായി നിയമിച്ചു.
ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവര്‍ണറായി നിയമിച്ചു. വടകര സ്വദേശിയായ കൈലാസനാഥന്‍ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. മണിപ്പൂരിന്റെ അധിക ചുമതലയും നല്‍കി.
ജിഷ്ണു ദേവ് വര്‍മ്മ തെലങ്കാന ഗവര്‍ണറായും ഓംപ്രകാശ് മത്തൂര്‍ സിക്കിം ഗവര്‍ണറായും സന്തോഷ് കുമാര്‍ ഗാങ്വാര്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായും നിയമിതരായി. രമണ്‍ ദേഖയാണ് ഛത്തീസ്ഗഡ് ഗവര്‍ണര്‍. സി എച്ച് വിജയ ശങ്കറെ മേഘാലയ ഗവര്‍ണറായി നിയമിച്ചു. സി പി രാധാകൃഷ്ണന്‍ മഹാരാഷ്ട്ര ഗവര്‍ണറും ഗുലാബ് ചന്ദ് കതാരിയ ചണ്ഡീഗഡ് ഗവര്‍ണറാകും.