ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡല്‍ഹിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്ര ഏജന്‍സികള്‍ വയനാട്ടില്‍ നടത്തിയ സ്തുത്യര്‍ഹമായ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ജോര്‍ജ് കുര്യന്‍ സംവദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ബിജെപി നേതൃത്വം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. വയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുകയും അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ദുരന്തഭൂമിയിലെത്തി ക്യാമ്പിലെ ദുരിതബാധിതരെ കണ്ട് ആശ്വസിപ്പിച്ച മന്ത്രിയാണ് ജോര്‍ജ് കുര്യന്‍. ദുരന്തത്തിന്റെ ആദ്യമണിക്കൂറില്‍ തന്നെ സൈന്യത്തിന്റെ സജീവ ഇടപെടലും സഹായവും ഉറപ്പാക്കിയത് ജോര്‍ജ് കുര്യന്റെ ഇടപെടല്‍ കൊണ്ടായിരുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയത്.
അതേ സമയം, വയനാട്ടിലെ ക്യാമ്പുകളിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് അടക്കം മന്ത്രി ഇറങ്ങിയിരുന്നു. ക്യാമ്പുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി മന്ത്രി ജോര്‍ജ് കുര്യന്‍ സജ്ജീവമായിരുന്നു. വയനാടിനായി എല്ലാ പിന്തുണയും കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് വാക്ക് നല്‍കി.