കൊല്‍ക്കത്തയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാഴ്ചക്കകം പരിഹരിക്കാന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ഡോക്ടറുടെ കുടുംബത്തെ ബാനര്‍ജി തിങ്കളാഴ്ച കണ്ടു. സംഭവം അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളോട് സംസാരിച്ച മമത ബാനര്‍ജി കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
”കേസ് പരിഹരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. എങ്ങനെയാണ് ഒരു ഹോസ്പിറ്റലില്‍ ഇത്തരമൊരു സംഭവം സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. അന്വേഷണത്തിന് അതീവ പ്രാധാന്യമാണ് പോലീസ് നല്‍കുന്നത്. കൂടുതല്‍ പ്രതികളുണ്ടെങ്കില്‍, എല്ലാവരെയും ഞായറാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കില്‍, കേസ് സിബിഐക്ക് കൈമാറും.വിഷയം അന്വേഷിക്കുന്നതിനായി ഡോഗ് സ്ക്വാഡ്, വീഡിയോ ഡിപ്പാര്‍ട്ട്മെന്റ്, ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയെ വിന്യസിച്ചിട്ടുണ്ട്. ഇത് അങ്ങേയറ്റം വേദനാജനകമായ സംഭവമാണ്. കേസില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും ഉടന്‍ ശിക്ഷിക്കപ്പെടണം. ഈ കേസ് വേഗത്തിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഒരു മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു:
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് അതിദാരുണമായി പി ജി ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളേജാണിത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.