അസം: രാത്രിയില്‍ ഒറ്റയ്ക്ക് കറങ്ങുന്നത് ഒഴിവാക്കണമെന്ന് വനിതാ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയ അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് തിരിച്ചടി. പശ്ചിമബംഗാളില്‍ പി ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. വനിതാ ഡോക്ടര്‍മാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കല്‍ കോളജ് കാമ്പസില്‍ ചുറ്റിത്തിരിയരുതെന്ന അസമിലെ സില്‍ചര്‍ മെഡിക്കല്‍ കോളജിന്റെ ഉത്തരവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ ഭാസ്‌കര്‍ ഗുപ്തയാണ് ഉത്തരവിറക്കിയത്. ഒറ്റപ്പെട്ടതോ വെളിച്ചമില്ലാത്തതോ ആളനക്കം കുറവുള്ളതോ ആയ മേഖലകളിലേക്ക് വനിതാ ജീവനക്കാരും വിദ്യാര്‍ഥിനികളും പോകരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മുന്‍കൂട്ടി വിവരം അറിയിച്ചതിന് ശേഷം മാത്രമേ അത്യാവശ്യ കാര്യങ്ങള്‍ക്ക് രാത്രി സമയത്ത് ഹോസ്റ്റലില്‍ നിന്നും പുറത്ത് പോകാവു എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ അവിടത്തെയും കോളജിലേയും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനായുള്ള എമര്‍ജന്‍സി നമ്പറുകള്‍ എപ്പോഴും ഫോണില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ഉടന്‍ ജന്‍ഡര്‍ ഹരാസ്‌മെന്റ് കമിറ്റിയുടെ ചെയര്‍മാനേയൊ അംഗങ്ങളേയോ വിവരമറിയിക്കണം. ഡോക്ടര്‍മാരുടേയും വിദ്യാര്‍ഥികളുടേയും മറ്റ് ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.