Newsperseconds.com

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; അംഗീകാരം നല്‍കി കേന്ദ്രമന്ത്രി സഭ; ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാന്‍ തീരുമാനം

Untitled 1

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാര്‍ശയ്ക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ നടത്തുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബില്‍ കൊണ്ടുവരാനാണ് തീരുമാനം. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

നരേന്ദ്രമോദി സര്‍ക്കാര്‍ 100ദിവസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇതിനുള്ള നയചട്ടക്കൂട് തയ്യാറാക്കിയെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. ശൈത്യകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. മന്ത്രി സഭയുടെ തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു. ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം നിയമിച്ച രാംനാഥ് കോവിന്ദ് സമിതി 2029ല്‍ ഒറ്റ തെരഞ്ഞെടുപ്പ് ആവാമെന്നാണ് ശുപാര്‍ശ നല്‍കിയത്. കോണ്‍ഗ്രസ്, സിപിഐ എം, സിപിഐ, തൃണമൂല്‍, ബിഎസ്പി, എഎപി തുടങ്ങി 15 പ്രതിപക്ഷ പാര്‍ടികള്‍ സമിതിക്ക് മുമ്പില്‍ വിയോജിപ്പറിയിച്ചു. എന്‍ഡിഎ സഖ്യകക്ഷികളടക്കം 36 പാര്‍ടികള്‍ യോജിച്ചുവെങ്കിലും ടിഡിപി അഭിപ്രായം പറഞ്ഞിട്ടില്ല. കേവലഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ടിഡിപിയെ പിണക്കി മുന്നോട്ടുപോകാനാകില്ല.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നും പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെ സര്‍ക്കാരിന് എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.

Share this Article

Leave a Comment