Newsperseconds.com

ഇന്ന് ഗാന്ധിജയന്തി; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാമത് ജന്മദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; വിപുലമായ ആഘോഷങ്ങള്‍

Untitled 1

ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാമത് ജന്മദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത് 1869 ഒക്ടോബര്‍ 2-നാണ്. കരംചന്ദ് ഗാന്ധിയുടെയും പുത്‌ലീ ഭായിയുടെയും മകനായി ജനിച്ച ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയില്‍ ഒക്ടോബര്‍ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാര്‍ഗ്ഗത്തില്‍ സമരങ്ങള്‍ നടത്തി. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളില്‍ ഒന്നാണ്.

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീര്‍ത്ത് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി മറന്നില്ല. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങള്‍ അടയാളപ്പെടുത്തും വിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്. രാജ്യത്തുടനീളം പ്രാര്‍ത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്.

ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും സര്‍ക്കാരുകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കും. വിവിധ കേന്ദ്രങ്ങളിലെ ഗാന്ധി പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തും. കൂടാതെ, പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. ശുചിത്വ – ലഹരി വിരുദ്ധ പരിപാടികളോടെയാണ് സംസ്ഥാനങ്ങളില്‍ ഗാന്ധി ജയന്തി കൊണ്ടാടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് മിഷന്റെ 10 വര്‍ഷം തികയുന്ന ഇന്ന് 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

Share this Article

Leave a Comment