ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം. കോണ്‍ഗ്രസിനെ കടത്തിവെട്ടിയുള്ള ബിജെപിയുടെ കുതിച്ചുചാട്ടത്തില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 46 സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഹരിയാനയില്‍ മുന്നേറുന്നത്.
ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങള്‍ കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. പകുതിയോളം വോട്ടെണ്ണിക്കഴിയുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ട് ടേം പൂര്‍ത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലില്‍ നിന്നാണ് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഭൂപീന്ദര്‍ സിങ് ഹൂഡ നിഷ്പ്രയാസം സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് സൂചന നല്‍കിയെങ്കിലും ലഭിക്കുന്ന ഫലം ബിജെപി ഹാട്രിക് അടിക്കാനുള്ള സാധ്യത തള്ളുന്നില്ല. ലീഡ് നില മാറിമറിയുന്ന അവസ്ഥയാണ് ഇപ്പോള്‍ ഹരിയാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.