ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ നവംബര്‍ 4-5 തിയ്യതികളില്‍ സംസ്ഥാനത്ത് ജാതി സര്‍വേ ആരംഭിക്കുമെന്നും നവംബര്‍ 30 നകം ഇത് പൂര്‍ത്തിയാകുമെന്നും മന്ത്രി പൊന്നം പ്രഭാകര്‍. ജാതി സര്‍വ്വേയ്ക്കുള്ള പ്രൊഫോര്മ അംഗീകരിച്ച മന്ത്രിസഭാ യോഗത്തിന് ശേഷം ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഭാകര്‍.
ജാതി സര്‍വേ നടപ്പാക്കുന്നതോടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് നടപ്പിലാക്കപ്പെടുന്നത്. സംസ്ഥാനത്തും രാജ്യത്തുടനീളവും ജാതി സര്‍വേ നടത്താനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വേ നടത്തുന്നതിനായി 80,000 സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുമെന്നും അവര്‍ക്ക് ഉചിതമായ പരിശീലനം നല്‍കുമെന്നും പ്രഭാകര്‍ പറഞ്ഞു. വ്യക്തികളുടെ പൊതുവിവരങ്ങളായിരിക്കും ശേഖരിക്കുക. നേരത്തെ സംസ്ഥാനത്ത് ജാതി സര്‍വേ നടപ്പിലാക്കാനുള്ള ഉത്തരവ് തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
ഇതോടെ രാജ്യത്തെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകും തെലങ്കാന. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചു.