ഭുവനേശ്വര്‍: ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ ടോയ്ലറ്റില് 11 വയസ്സുള്ള ആദിവാസി വിദ്യാര്‍ത്ഥിനിയെ രണ്ട് അധ്യാപകര്‍ ബലാത്സംഗം ചെയ്തു. സര്‍ക്കാര്‍ കീഴിലുള്ള റസിഡന്‍ഷ്യല്‍ സ്കൂളിലെ രണ്ട് അധ്യാപകര്‍ ഒന്നിച്ച് ടോയ്ലറ്റില് ബലമായി കയറി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. നബരംഗ്പൂരിലെ പോക്സോ കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും പിന്നീട് ജയിലിലേക്ക് അയക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രത്യേക ജഡ്ജി പ്രണതി സാഹയ്ക്ക് മുന്നില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം, വിഷയം ഗൗരവമായി പരിഗണിച്ച് ഒഡീഷ മനുഷ്യാവകാശ കമ്മീഷന് നബരംഗ്പൂര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഡിഎംഒ-കം-പബ്ലിക് ഹെല്‍ത്ത് ഓഫീസറോട് ഒഎച്ച്ആര്‍സി നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് കമ്മീഷന് സിഡിഎംഒയോട് പറഞ്ഞിട്ടുണ്ട്.
നവംബര്‍ 9ന് വയറിന് താഴെ വേദന അനുഭവപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങള്‍ പറഞ്ഞതോടെയാണ് ചൊവ്വാഴ്ച നടന്ന സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.