ഇന്‍ഡ്യ മുന്നണിയും എന്‍ഡിഎ മുന്നണിയും നേര്‍ക്കുനേര്‍ കൊമ്പ് കോര്‍ത്ത സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രധാന്യമുണ്ട്. ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിലും ഫലത്തിലേക്കുമാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളും കടുത്ത പോരാട്ടത്തിലാണ്.
288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം – ബിജെപി, ശിവസേന ഷിന്‍ഡെ വിഭാഗം എന്‍സിപി (അജിത് പവാര്‍ വിഭാഗം), പ്രതിപക്ഷമായ മഹാ വികാസ് അഘാഡി -കോണ്‍ഗ്രസ്, ശിവസേന യുബിടി, എന്‍സിപി ശരദ്പവാര്‍ വിഭാഗം എന്നിവരാണ് മഹാരാഷ്ട്രയില്‍ പോരാടുന്നത്. അധികാരം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന മഹായുതി സഖ്യം എംവിഎയ്ക്കെതിരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. 288 നിയമസഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. സഖ്യകക്ഷികള്‍ പരസ്പരം മത്സരിക്കുന്ന ഒരു ഡസനിലേറെ മണ്ഡലങ്ങളും മഹാരാഷ്ട്രയിലുണ്ട്. അതിനാല്‍ തന്നെ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാലും നാടകീയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഏകനാഥ് ഷിന്‍ഡെയുടെയും അജിത് പവാറിന്റെയും നേതൃത്വത്തില്‍ ശിവസേനയും എന്‍സിപിയും ഭിന്നിച്ച ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍, ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാ ബ്ലോക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുന്നു. അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഭരണ സഖ്യത്തില്‍ നിന്ന് അതിനെ പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നു. ചില എക്സിറ്റ് പോളുകള്‍ ജാര്‍ഖണ്ഡില്‍ എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ ചിലത് തൂക്കുസഭയും പ്രവചിക്കുന്നു. ജെഎംഎം, കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, സിപിഐഎംഎല്‍ ലിബറേഷന്‍ എന്നിവരാണ് മഹാഖഡ്ബന്ധന്‍ സഖ്യത്തിലുള്ളത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി, ജെഡിയു, ലോക് ജനശക്തി രാം വിലാസ് പസ്വാന്‍, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്‍ എന്നിവരാണ് ഉള്ളത്. ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷത്തിനായി 45 സീറ്റുകളാണ് ആവശ്യമുള്ളത്.