ബെംഗളൂരു: അസമില്‍ നിന്നുള്ള വ്‌ലോഗര്‍ മായാ ഗൊഗോയിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളി കാമുകന്‍ ഒളിവില്‍. കണ്ണൂര്‍ സ്വദേശിയായ ആരവ് ഹനോയിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. മായയെ കൊലപ്പെടുത്തിയതിന് ശേഷം ഹനോയ് അവളുടെ ചേതനയറ്റ ശരീരവുമായി രണ്ട് ദിവസം ഇന്ദിരാനഗര്‍ ഏരിയയിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്നുവെന്നും മൃതദേഹത്തിന് മുന്നില്‍ ഇരുന്ന് സിഗരറ്റ് വലിച്ചുവെന്നും പോലീസ് വെളിപ്പെടുത്തി. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ബെംഗളൂരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും രണ്ട് അന്വേഷണ സംഘങ്ങളാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ വ്യക്തമാണ്. പ്രതി ആരവ് ഹനോയ് നവംബര്‍ 23 ശനിയാഴ്ചയാണ് മായയ്ക്കൊപ്പം സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മായ കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. രണ്ട് ദിവസത്തോളം ഹനോയ് അവളുടെ ശരീരത്തോടൊപ്പം പുകവലിച്ചും അവളുടെ അരികിലിരുന്നും താമസിച്ചുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നവംബര്‍ 23 ന് ദമ്പതികള്‍ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്നത് കെട്ടിടത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍, ചൊവ്വാഴ്ച രാവിലെ 8:19 ന് ഹാനോയ് പോകുന്നതുവരെ മറ്റാരും അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആരവിനെ ബെംഗളൂരു മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇവിടത്തെ പരമാവധി സിസിടിവികള്‍ പരിശോധിച്ച് വരികയാണ്. ഇവിടെ വെച്ച് ആരവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.