ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടേയും മൃതദേഹം കണ്ടെത്തി. അപകടത്തില്‍ അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളില്‍ മണ്ണിനടിയിലായത്. ചുഴലിക്കാറ്റ് തീരം കടന്നതിന് ശേഷം സ്ഥിതി ദുര്‍ബലമായെങ്കിലും കൃഷ്ണഗിരി, തിരുവണ്ണാമലൈ, വില്ലുപുരം എന്നിവയുള്‍പ്പെടെ തമിഴ്നാടിന്റെ ഉള്‍പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു.
ഗിരിവലം റോഡിന് സമീപം വി.ഒ.സി നഗര്‍ ഭാഗത്ത് അണ്ണാമലയാര്‍ ക്ഷേത്രത്തിന് പിന്നിലാണ് മണ്ണിടിഞ്ഞത്. കാലവര്‍ഷത്തില്‍ കനത്ത മഴയ്ക്ക് പേരുകേട്ട മേഖലയില്‍ ഞായറാഴ്ച 16 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. മലനിരകളില്‍ നിന്നുള്ള വെള്ളപ്പൊക്കമാണെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, ചെളിയും ചെങ്കണ്ണും കലര്‍ന്ന വെള്ളത്തില്‍ രണ്ട് വലിയ പാറകള്‍ വന്നതാണ് ഉരുള്‍പൊട്ടലിന്റെ സൂചന നല്‍കിയതെന്നും അവര്‍ പറഞ്ഞു.
മണ്ണുമാന്ത്രി യന്ത്രം കൊണ്ടുവന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. 200ഓളം രക്ഷാപ്രവര്‍ത്തകര്‍ യന്ത്ര സഹായമില്ലാതെയാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് യന്ത്രങ്ങള്‍ എത്തിച്ചതോടെയാണ് തിരച്ചില്‍ വേഗത്തിലായത്. രാജ്കുമാര്‍, ഭാര്യ മീന, അവരുടെ രണ്ട് കുട്ടികള്‍, ഭാര്യാ സഹോദരന്റെ മൂന്ന് കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.