തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം പട്ടം പറത്തിയ സംഭവം നിയമലഘനമെന്ന് കണ്ടെത്തി. വിമാനത്താവളത്തിന് സമീപം പട്ടം കറങ്ങി നടന്നതിന് പിന്നാലെ വിമാനഗതാഗതം തടസ്സപ്പെട്ടിരുന്നു. വിമാനങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ വിമാനത്താവളങ്ങള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ബലൂണുകളോ പട്ടങ്ങളോ പറത്താന്‍ പാടില്ല.
ലേസര്‍ ലൈറ്റുകളോ കരിമരുന്ന് പ്രയോഗങ്ങളോ ഇവിടങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലായെന്നും നിര്‍ദേശമുണ്ട്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന നാഗരാജു ചക്കിലമാണ് പട്ടം പറത്തലുള്പ്പടെയുള്ള നിരോധന ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവ് ലംഘിച്ചാണ് ഇവിടെ പട്ടം പറത്തിയത്. പട്ടം പറത്തിയ ആളെ കണ്ടെത്താനായിട്ടില്ല.
വിമാനപാതയില്‍ അപകടരമായ സാഹചര്യത്തില്‍ പട്ടം പറന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയും ഏപ്രണിലെ ഉദ്യോഗസ്ഥരുമെത്തി റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ അടിയന്തരമായി താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.