Newsperseconds.com

ഇതിഹാസ തബല വിദ്വാന്‍ സക്കീര്‍ ഹുസൈന് വിട

Untitled 1

ഇതിഹാസ തബല വിദ്വാന്‍ സക്കീര്‍ ഹുസൈന്‍ (73) ഞായറാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ രാവിലെ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. കുട്ടിക്കാലം മുതല്‍ തന്റെ വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി. ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍, സാക്കിര്‍ ഹുസൈന്‍ നിരവധി അന്തര്‍ദേശീയ, ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. എന്നാല്‍ 1973-ല്‍ ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഗ്ലിന്‍, വയലിനിസ്റ്റ് എല്‍ ശങ്കര്‍, താളവാദ്യ വിദഗ്ധന്‍ ടിഎച്ച് ‘വിക്കു’ വിനായക്രം എന്നിവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് നിരവധി വേദികള്‍ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പങ്കിട്ടത്. 1951 മാര്‍ച്ച് 9 ന് ജനിച്ച അദ്ദേഹം ഇതിഹാസ തബല മാസ്റ്റര്‍ ഉസ്താദ് അല്ലാ രാഖയുടെ മകനാണ്.

Share this Article

Leave a Comment