ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം. വിചാരണക്കോടതിയായ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മുന്‍പ് അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ജനുവരി 10 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണിപ്പോള്‍ താരത്തിന് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിനാണ് പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ സന്ധ്യ തിയറ്ററില്‍ തിരക്കില്‍പ്പെട്ട് ദുരന്തമുണ്ടായത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി മരിക്കുകയും ഇവരുടെ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്.