Newsperseconds.com

ഗാസയിലെ വംശഹത്യയെ പിന്തുണക്കുന്നവരെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

Untitled Design (25)

ഗാസയിലെ വംശഹത്യയെ പിന്തുണക്കുന്നവരെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗാസയിലെ വംശഹത്യയെ പിന്തുണക്കുന്നവര്‍ക്ക് ഒരു തരത്തിലുള്ള കുലുക്കവും കാണുന്നില്ലെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രിയങ്ക ആശങ്ക അറിയിച്ചത്.

‘എത്ര പരിതാപകരവും അപമാനകരവുമായ നാഴികക്കല്ലാണ് നാം പിന്നിട്ടുകൊണ്ടിരിക്കുന്നത്. ഗാസയില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. അതില്‍ പകുതിയോളം കുട്ടികളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. ഇപ്പോള്‍ ചെറിയ കുഞ്ഞുങ്ങളെ ഓക്‌സിജന്റെ അഭാവം മൂലം ഇന്‍കുബേറ്ററുകളില്‍ നിന്ന് നീക്കം ചെയ്യുകയും മരിക്കാന്‍ വിട്ടുകൊടുക്കുകയുമാണ്. എന്നിട്ടും, ഈ വംശഹത്യയെ പിന്തുണക്കുന്നവരുടെ മനസ്സാക്ഷിക്ക് ഒരു തരത്തിലുള്ള ഞെട്ടലുമില്ല. വെടിനിര്‍ത്തലില്ല… കൂടുതല്‍ ബോംബുകള്‍, കൂടുതല്‍ അക്രമം, കൂടുതല്‍ കൊലപാതകങ്ങള്‍, കൂടുതല്‍ കഷ്ടപ്പാടുകള്‍. ഈ നാശത്തെ പിന്തുണക്കുന്ന സര്‍ക്കാരുകളെ ഓര്‍ത്ത് ലജ്ജിക്കുന്നു. എപ്പോള്‍ മതിയാകും ഇത്.”, പ്രിയങ്ക കുറിച്ചു.

യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്നും പ്രിയങ്ക പറഞ്ഞു.

Share this Article

Leave a Comment