ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ ഇടം നേടിയത്. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് ഫെെനൽ വിജയം സമ്മാനിച്ചത്.
വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികൾ ഇന്ത്യൻ സ്കോർ ഉയർത്തി. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്ലി ഇന്ന് ക്രീസ് വിട്ടത്.113 പന്തിൽ 117 റൺസ് നേടിയ കോഹ്ലി ഡെവോൺ കോൺവേയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 2 സിക്സും 9 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 71 റൺസാണ് ഇന്ത്യ നേടിയത്. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസിൽ പുറത്താവുകയായിരുന്നു.
സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മൻ ഗിൽ ആരോഗ്യപ്രശ്നത്തെ തുടർന്ന് 23–ാം ഓവറിൽ ക്രീസ് വിടുകയായിരുന്നു. 65 പന്തിൽ 79 റൺസ് എടുക്കുമ്പോഴാണ് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത്. എന്നാൽ അവസാന ഓവറുകളിൽ തിരികെയെത്തിയ താരം ഒരു റൺസ് കൂടി എടുത്ത് 80 റൺസ് തികച്ചു. ഇന്നു നേടിയ വിജത്തിന്റെ ആത്മവിശ്വാസവുമായി ക്രീസിലിറങ്ങുന്ന ഇന്ത്യ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ലോകകിരീടം ചൂടാന്‍ ഒരുങ്ങുന്നത്.