ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മുഴങ്ങുമ്പോള്‍ വരാനിരിക്കുന്ന പ്രകടന പത്രികയില്‍ ഒരു വാഗ്ദാനവും കൂടി ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. നിര്‍ദിഷ്ട ‘മഹാലക്ഷ്മി’ ഗ്യാരന്റി പ്രകാരം ഈ വാഗ്ദാനത്തില്‍ യോഗ്യരായ സ്ത്രീകള്‍ക്ക് അവരുടെ വിവാഹസമയത്ത് 10 ഗ്രാം സ്വര്‍ണം നല്‍കാനാണ് പാര്‍ട്ടി പത്രികയില്‍ ഉള്‍പ്പെടുത്തുന്നത്.
‘മഹാലക്ഷ്മി’ ഗ്യാരന്റി വഴി വധുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്ന നിലവിലുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് പുറമേ, സ്വര്‍ണ്ണം കൂടി നല്‍കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് തെലങ്കാന കോണ്‍ഗ്രസ് പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ ശ്രീധര്‍ ബാബു പറഞ്ഞു.
കൂടാതെ, എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ്, 18 വയസ്സിന് മുകളിലുള്ള കോളേജില്‍ പോകുന്ന എല്ലാ വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ ഇലക്ട്രിക് സകൂട്ടര്‍, എല്ലാ കോളേജ് വിദ്യാര്‍ഥികള്‍ക്കും 5 ലക്ഷം രൂപ സഹായം നല്‍കുന്ന വിദ്യാ ഭരോസ കാര്‍ഡ് തുടങ്ങിയ വാഗ്ദാനങ്ങള്‍ പത്രികയിലുണ്ട്.