ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ സില്‍കാര-ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തുരങ്കത്തിലേക്ക് തിങ്കളാഴ്ച 57 മീറ്റര്‍ നീളത്തില്‍ ആറിഞ്ച് വ്യാസമുള്ള കുഴല്‍ സ്ഥാപിച്ചു. വ്യാസം കൂടുതലുള്ള കുഴലിലൂടെ ഭക്ഷണവും വെള്ളവും മരുന്നും പരസ്പരം സംസാരിക്കുന്നതിനുള്ള വോക്കി ടോക്കിയും കടത്തി വിടാന്‍ കഴിയുന്നതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകും. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
അതേസമയം, 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ഭരണകൂടവും ജില്ലാ ഭരണകൂടവും ഉറപ്പ് നൽകി. ഓക്സിജന്‍ മുടങ്ങാതെ ഇവർക്ക് ലഭിക്കുന്നുണ്ട്. തുരങ്കത്തില്‍ കോണ്‍ക്രീറ്റ് നിര്‍മാണം പൂര്‍ത്തിയായ ഒന്നര ക്കിലോമീറ്റര്‍ ഭാഗത്താണ് തൊഴിലാളികളുള്ളത്. വൈദ്യുതിയും വെള്ളവും ഇവിടെ എത്തിക്കുന്നുണ്ട്. മരുന്നുകളും സമയാസമയം നല്‍കുന്നുണ്ട്. എന്നാല്‍, ചിലർക്ക് തലകറക്കം, തലവേദന, ഛര്‍ദി, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈമാസം 12 നാണ് 41 തൊഴിലാളിൾ തുരങ്കത്തില്‍ കുടുങ്ങുന്നത്.