ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച മാസം തികയാത്ത 28 കുഞ്ഞുങ്ങളെ റാഫ അതിര്‍ത്തി കടന്ന് സുരക്ഷിതമായി ഈജിപ്തിലേക്ക് എത്തിച്ചു. കുട്ടികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. അവര്‍ക്ക് ആവശ്യമായ പ്രത്യേക വൈദ്യസഹായം ലഭിക്കുന്നുണ്ട്.
റാഫ അതിര്‍ത്തി ക്രോസിംഗിന്റെ ഈജിപ്ഷ്യന്‍ ഭാഗത്തുള്ള മെഡിക്കല്‍ സ്റ്റാഫ് തിങ്കളാഴ്ച ആംബുലന്‍സിനുള്ളില്‍ നിന്ന് കുഞ്ഞുങ്ങളെ ശ്രദ്ധാപൂര്‍വ്വം എടുത്ത് മൊബൈല്‍ ഇന്‍കുബേറ്ററുകളില്‍ വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. തുടര്‍ന്ന് അവ കാര്‍ പാര്‍ക്ക് വഴി മറ്റ് ആംബുലന്‍സുകളിലേക്ക് കയറ്റി.
ഗാസ സിറ്റിയിലെ ഉപരോധിക്കപ്പെട്ട അല്‍-ഷിഫ ഹോസ്പിറ്റലില്‍ നിന്ന് റഫയിലെ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് ഒഴിപ്പിക്കലിന്റെ ആദ്യപടിയായി ഞായറാഴ്ച മാറ്റിയ കുട്ടികളില്‍ നാപ്കിനും ചെറിയ പച്ച തൊപ്പികളും മാത്രമാണ് ധരിച്ചിരുന്നത്.
28 കുഞ്ഞുങ്ങള്‍ ഇപ്പോള്‍ സുരക്ഷിതമായി ഈജിപ്തിലെത്തി. മൂന്ന് കുഞ്ഞുങ്ങള്‍ ഇപ്പോഴും എമിറാത്തി ഹോസ്പിറ്റലില്‍ ചികിത്സ തുടരുന്നു, ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു. എന്നാല്‍ എല്ലാ കുഞ്ഞുങ്ങളും ഗുരുതരമായ അണുബാധകള്‍ക്കെതിരെ പോരാടുകയും ആരോഗ്യപരിരക്ഷ ആവശ്യമായി തുടരുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.