ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച ഒക്ടോബര്‍ 17ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
സ്വവര്‍ഗവിവാഹം സാധൂകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ പരാതികള്‍ പരിഹരിക്കാന്‍ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീം കോടതി രജിസ്ട്രി പ്രകാരം, പുനഃപരിശോധനാ ഹര്‍ജി നവംബര്‍ 28 ന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒക്ടോബര്‍ 17ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ആദ്യവാരം ഹര്‍ജിക്കാരില്‍ ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 21 ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് നാല് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിരുന്നു.