ഉത്തരാഖണ്ഡ് രക്ഷാദൗത്യത്തിന്റെ ഭാഗമായി ഹൈദരാബാദിൽ നിന്ന് എത്തിച്ച പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിച്ചു നീക്കുന്ന നടപടി തുടരുന്നു. ഇന്നലെ രക്ഷാ ദൗത്യത്തിനായി ഉപയോഗിച്ച ഓഗർ മെഷീന്റെ ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കിയാൽ പൈപ്പിനകത്ത് ആളുകൾ കയറി ഇരുമ്പ് കമ്പികളും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ സാധിക്കും. രാത്രിയോടെ പൈപ്പുകൾ തൊഴിലാളികളുടെ അടുത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. മെഷീന്റെ 29 മീറ്റർ ഭാഗം ഇതിനോടകം മുറിച്ചു നീക്കി. ഇനി ബാക്കി മുറിച്ച് നീക്കാനുള്ളത് 14 മീറ്ററാണ്.
ഹൈദരാബാദിൽ ഇന്ന് രാവിലെ 4.30നാണ് പ്ലാസ്മ കട്ടർ മെഷീൻ സിൽക്യാരയിൽ എത്തിച്ചത്. പ്ലാസ്മ കട്ടർ മെഷീൻ ഉപയോഗിച്ച് ഇരുമ്പ് കമ്പികളും സ്റ്റീൽ ഭാഗങ്ങളും മുറിക്കും. പരീക്ഷണാടിസ്ഥാനത്തിൽ മെഷീൻ പ്രവർത്തിപ്പിച്ചു പൈപ്പുകൾ രാത്രിയോടെ തൊഴിലാളികളുടെ അടുത്തെത്തുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാവുകയാണ്. ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ് ടത്തുന്നത്.വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണ്ണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക.