ബംഗളൂരു: രാജ്ഭവന് വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയയാളെ കര്‍ണാടകയിലെ ചിറ്റൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബികോം ബിരുദധാരിയായ പ്രതി ഭാസ്ക്കര്‍ (34) കോലാര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. രാജ്ഭവന് വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നുമുള്ള സന്ദേശമാണ് ഫോണ്‍കോളിലൂടെ ഇയാള്‍ നല്‍കിയത്. തുടര്‍ന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലാകമാനം പരക്കം പായിച്ച പൊലീസ് ഒടുവില്‍ വ്യാജ വിളിയാണെന്ന നിഗമനത്തിലെത്തി.
പ്രതി രാജ്ഭവനിലൂടെ പോകുമ്പോള്‍ എന്‍ഐഎയുടെ കണ്ട്രോള് റൂമിന്റെ കോണ്ടാക്റ്റ് നമ്പര്‍ ഗൂഗിളില്‍ അന്വേഷിച്ച് ബോംബിന്റെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യം വിളിച്ചത് ബിദറില്‍ നിന്നാണെന്നും കോളിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കണ്ടെത്തി. പ്രതി കൗതുകത്തോടെയാണ് വിളിച്ചത്. കോളിന്റെ അനന്തരഫലമെന്താണെന്ന് അയാള്‍ക്ക് ധാരണ ഇല്ലായിരുന്നു. പ്രതി ഭാസ്കറിന് മുന്‍ ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നുമില്ലെന്നും പോലീസ് പറഞ്ഞു.