വയനാട്ടില്‍ വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ച് രാഹുല്‍ ഗാന്ധി എം പി.
വയനാട്ടില്‍ വര്‍ധിച്ചു വരുന്ന മനുഷ്യവന്യജീവി സംഘട്ടനത്തെക്കുറിച്ചും പ്രാദേശവാസികള്‍ക്ക് അനുഭവിക്കുന്ന ദാരുണമായ അവസ്ഥകളെക്കുറിച്ചും വിവരിച്ച്, അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും കത്തിൽ ആവശ്യം.
‘പശ്ചിമഘട്ടത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളും സംരക്ഷിത പ്രദേശങ്ങളും കടുവകളുടെ ലോകത്തിലെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണ്. കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഗര്‍ഹോളെ-ബന്ദിപ്പൂര്‍-സത്യമംഗലം-ബിആര്‍ടി-മുതുമല-വയനാട് സെക്ഷനില്‍ 828 കടുവകളുടെ താവളമുണ്ട്.2022 ലെ ടൈഗേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, വയനാട് ഭൂപ്രകൃതിയില്‍ മാത്രം 80 കടുവകളെങ്കിലുമുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം. കൂടാതെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരിസ്ഥിതിലോല പരിധിയില്‍പ്പെടുന്നത് പ്രദേശവും വയനാടാണ്. ഇത് വര്‍ദ്ധിച്ചുവരുന്ന മനുഷ്യവന്യജീവി സംഘര്‍ഷത്തിന് കാരണമാവുകയും പ്രദേശവാസികളുടെ ദാരുണമായ ജീവഹാനിക്ക് തന്നെ കാരണമാവുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും 2023ല്‍ മാത്രം വയനാട് മണ്ഡലത്തില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വയനാട്ടിലെ തോട്ടങ്ങളില്‍ അദ്ധ്വാനിക്കുന്ന കര്‍ഷകരോ കര്‍ഷകത്തൊഴിലാളികളോ ആണ് സമീപകാലത്ത് ഇരകളായവരില്‍ ഏറെയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവങ്ങള്‍ പരിഹരിക്കുന്നതിന് പ്രദേശവാസികളുമായി കൈകോര്‍ത്ത് വിദഗ്ധരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പവിത്രത സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു.