ഗുജറാത്തിലെ സ്കൂളുകളില്‍ ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള ഭഗവദ്ഗീത പുസ്തകം പുറത്തിറക്കി. അടുത്ത അധ്യയന വര്‍ഷം മുതൽ ഭഗവദ്ഗീത പാഠ്യ പദ്ധതിയുടെ ഭാഗമാകും. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് ഭഗവദ്ഗീത സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരന്റെ അഭിപ്രായം. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവും ഉടന്‍ പുറത്തിറക്കും. അതേസമയം,നിര്‍ബന്ധിത ഗീത പഠനത്തിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഗീത ജയന്തി ദിനത്തിലാണ് പുസ്തകം പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് തയാറാക്കിയ സപ്ലിമെന്ററി പുസ്തകത്തിൽ ഇന്ത്യയുടെ വൈവിധ്യവും സമ്പന്നവും പുരാതനവുമായ സംസ്കാരത്തെയും കുറിച്ച് മനസിലാക്കാനും വിദ്യാർത്ഥികളില്‍ ധാർമ്മിക മൂല്യങ്ങൾ വളർത്തുന്നതിനും ഗീത പഠനം വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് മന്ത്രി പ്രഫുല്‍ പന്‍ഷെരിയ പറഞ്ഞു.
അലഹബാദ് സര്‍വകലാശാലയിലെ കൊമേഴ്സ് വിഭാഗം ഈ അക്കാദമിക് വര്‍ഷം ആരംഭിച്ച അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ – എംബിഎ കോഴ്സില്‍ ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുകൾ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഷ്ടാംഗ യോഗയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ മാനേജ്മെന്റ് ചിന്തകള്‍ എന്ന പേപ്പറില്‍ ആത്മീയതയും മാനേജ്മെന്റും, സാംസ്കാരിക ധാര്‍മികത, മാനുഷിക മൂല്യങ്ങള്‍, അഷ്ടാംഗ യോഗ എന്നിവയാണ് ഉള്‍പ്പെടുത്തിയത്.