കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം ഗൂഢാലോചനയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച്എല്‍ പഹ്വയില്‍ നിന്ന് 2006-ല്‍ പ്രിയങ്ക ഗാന്ധി ഹരിയാനയില്‍ അഞ്ച് ഏക്കറോളം കൃഷിഭൂമി വാങ്ങിയെന്നും 2010-ല്‍ അത് തിരികെ വിറ്റെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 40ഓളം ഭൂമി വാങ്ങിയതായും ഇഡി വ്യക്തമാക്കുന്നു. പഹ്വയില്‍ നിന്ന് ഏക്കര്‍ കണക്കിന് ഭൂമിയും പിന്നീട് അയാള്‍ക്ക് തിരിച്ചും വിറ്റു. ഹരിയാനയില്‍ പ്രിയങ്കയും റോബര്‍ട്ട് വദ്രയും ചേര്‍ന്ന് വാങ്ങിയ ഭൂമി പ്രവാസി വ്യവസായി സി സി തമ്പിക്ക് മറിച്ചു വിറ്റതായും ഇഡി കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ഇതേ തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യം ചെയ്‌തേക്കും.
കള്ളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യം, കള്ളപ്പണ നിയമങ്ങള്‍, ഔദ്യോഗിക രഹസ്യനിയമം എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നിലധികം ഏജന്‍സികള്‍ അന്വേഷിക്കുന്ന സഞ്ജയ് സിംഗ് ഭണ്ഡാരിയുമായി ബന്ധമുള്ള എന്‍ആര്‍ഐ വ്യവസായി സിസി തമ്പിക്ക് ഭൂമി വിറ്റ അതേ ഏജന്റാണ് പഹ്വ. വദ്ര തമ്പിയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് മുന്‍ കുറ്റപത്രത്തില്‍ ഇഡി ആരോപിച്ചിരുന്നു.