പാരിസ്: പാരിസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സില്ലയ്ക്ക് ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമായതോടെ തൊപ്പി ധരിച്ചു പങ്കെടുക്കാന്‍ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്തു നടക്കുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തിയതായി സില്ല വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി താരവുമായി ചര്‍ച്ച നടത്തി. ഇതിലാണ് ഹിജാബിനു പകരം തൊപ്പി ധരിച്ചു പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. വിഷയം ഫ്രഞ്ച് അത്‌ലറ്റിക് ഫെഡറേഷന്‍, ഫ്രഞ്ച് കായിക മന്ത്രാലയം, പാരിസ് ഒളിംപിക് കമ്മിറ്റികളുമായി കൂടിയാലോചിച്ചാണ് സില്ലയുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തതെന്നു ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒളിംപിക്‌സില്‍ വിദേശ അത്‌ലറ്റുകള്‍ക്ക് മതേതരത്വ നിയമങ്ങള്‍ ബാധകമല്ല. അതിനാല്‍ ഹിജാബ് ധരിച്ച് ഫ്രാന്‍സ് ഒഴികയുള്ള ടീമുകളിലെ താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതിയുണ്ട്. ഈ നിയമമാണ് സിലയ്ക്ക് വിനയായത്. ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് താരം പ്രതിഷേധം പരസ്യമായി തന്നെ രേഖപ്പെടുത്തിയത്. മതത്തിന്റെ ഭാഗമായി ശിരോ വസ്ത്രം ധരിക്കുന്നതിനെതിരെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിയമത്തില്‍ പറയുന്നില്ല. ഇതാണ് വിവാദത്തിന്റെ അടിസ്ഥാനം.