പ്രധാനമന്ത്രി സൂര്യോദയ യോജന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം താനെടുക്കുന്ന ആദ്യ തീരുമാനം എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഒരുകോടി വീടുകളുടെ റൂഫ് ടോപ്പുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളുടെ വൈദ്യുത ബില്‍ കുറയ്ക്കുകയും ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ലോകമെമ്പാടുമുള്ള വിശ്വാസികള്‍ എപ്പോഴും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന് ഊര്‍ജം നേടുന്നു. ഇന്ന്, അയോധ്യയിലെ അഭിഷേകത്തിന്റെ ശുഭകരമായ അവസരത്തില്‍ സൂര്യോദയ യോജന പദ്ധതി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അയോധ്യയിലെ പ്രതിഷ്ഠയാണ് സര്‍ക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ചുള്ള ആലോചനയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ നടന്നത്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. പ്രധാനമന്ത്രിയായിരുന്നു ചടങ്ങിന്റെ യജമാനൻ.