അംറേലി: ഗുജറാത്തിലെ അംറേലി ജില്ലയില്‍ നാലു ദിവസം മുമ്പ് ട്രെയിനിടിച്ച സിംഹം ചികിത്സയ്ക്കിടെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ട്രെയിന്‍ തട്ടി ഈ മാസം മൂന്നാമത്തെ സിംഹമാണ് മരിക്കുന്നത്.
ജനുവരി 20 ന് അംറേലി ജില്ലയിലെ റജുല താലൂക്കിലെ ദോലിയ ഗ്രാമത്തിന് സമീപം വെച്ച് പാസഞ്ചര്‍ ട്രെയിനിടിച്ചാണ് സിംഹത്തിന് പരിക്കേറ്റത്. ജുനഗഡ് ജില്ലയിലെ ഷക്കര്‍ബാഗ് മൃഗശാലയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനുവരി മൂന്നിന് അമ്‌റേലിയിലെ വിജാപാഡി ഗ്രാമത്തിന് സമീപം ഗുഡ്സ് ട്രെയിനിടിച്ച് സിംഹത്തിന് പരിക്കേറ്റിരുന്നു. ഇതിനെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ഷക്കര്‍ബാഗ് മൃഗശാലയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ജനുവരി 11 ന് മരിക്കുകയായിരുന്നു.
വന്യജീവി മേഖലകളിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ വേഗത കുറയ്ക്കാനും റെയില്‍വേ ട്രാക്കുകളില്‍ ഫെന്‍സിംഗിന്റെ ഉയരം വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന വനം മന്ത്രി മുലു ബേര പറഞ്ഞു.